Thursday, 21 December 2017

കുടിയേറ്റക്കാർ

0 comments
കുടിയേറ്റക്കാർ

മഴ കനത്തുപെയ്യുന്നുണ്ടായിരുന്നു.കണ്ണീരുകൊണ്ടാണോ എന്നറിയില്ല.വഴിയൊന്നും കാണാനാകുന്നില്ല.എന്നാലും അവനോടി.ശ്വാസം നിന്നു പോകുന്നപോലെ .തന്നെ കോരിയെടുക്കാൻ എന്നോണം കൈകൾ വന്നു പൊതിയുന്നുണ്ടായിരുന്നു.ചേരിയുടെ മറുഭാഗത്തെ അഴുക്കുചാലിന് ചുറ്റും ഒരു ആൾകൂട്ടം.മഴയെക്കാൾ ഉച്ചത്തിൽ അപ്പായുടെ കരച്ചിൽ കേൾക്കാം.പോലീസുകാർ അതിൽ നിന്നും ഒരു പെണ്ണിന്റെ മൃതശരീരം എടുത്ത് ഉയർത്തുകയാണ്.കീറിപ്പറിഞ്ഞ സാരിയിലും ദേഹത്തുമെല്ലാം ചോരപാടുകൾ.ലോകത്തോടുള്ള പ്രതിഷേധമെന്നോണം നിർജീവമായിട്ടും അടയാത്ത കണ്ണുകൾ .
ആ മുഖം.

അവൻ ഞെട്ടി എണീറ്റു.ഓടുന്നതുപോലെ കിതക്കുന്നുണ്ടായിരുന്നു.
"എന്തുവാടേ ..ഇന്നും സ്വപ്നം കണ്ടാ ?" കൂട്ട് തടവുകാരൻ ചോദിച്ചു.

ഒന്നും പറയാനാകാത്തവണ്ണം അവൻ വിറയ്ക്കുന്നുണ്ടായിരുന്നു.കുറച്ചു ദിവസമായി ഈ സ്വപ്നം കാണുന്നുണ്ട്.ഞെട്ടി എഴുനേക്കാറുണ്ട്.പക്ഷെ ആദ്യമായാണ് ഈ മുഖം.മുത്തുലക്ഷ്മിയുടെ മുഖം.

പായ്ക്ക് കീഴിലുള്ള ഒരു ചെറിയ പുസ്തകത്തിൽ അവൻ എന്തൊക്കെയോ കുത്തി കുറിക്കാൻ തുടങ്ങി.ഹൃദയമിടിപ്പിനെക്കാൾ വേഗത്തിൽ.
"എന്തോന്നെടെ... വല്ല തിരക്കഥയോ മറ്റോ ആണോ ?.."

മറുപടിയില്ല ..
"ഇവാൻ എന്തരു പൊട്ടനാ .."

പറയുവാൻ ഒരുപാടു കാര്യങ്ങളുണ്ട് അവനു.ജയിലർ തരുന്ന 10 മിനുട്ട് ഒന്നിനും മതിയാകാറില്ല.തോന്നുന്നതെല്ലാം കുത്തികുറിക്കുന്ന ഒരു പുസ്തകം.അതിൽ നിറയെ മുത്തുലക്ഷ്മി ആണ്.
"മുത്ത് ..ഇന്നു നാൻ അന്ത സ്വപ്നം പാർത്തേൻ ..എന്നേക്കും പോലെ..ആന ഇന്തവാടി പാർത്ഥ മുഖം ..അത് ഉന്നോടത് .."
മഷിയിൽ കണ്ണീരു കലർന്നു തുടങ്ങി.
"നെ രാത്രിയോനും തനിയെ എങ്കേയും പോവകൂടാത്ത ..അപ്പാവില്ലാതെ എങ്കേയും പോവകൂടാത്ത..അമ്മവേ പോലെ..അന്ത പൊന്നെ പോലെ ഒരിക്കലും .."
ബാക്കി എഴുതാൻ അവനായില്ല .

എന്തിനാ ഈ നാട്ടിൽ വന്നത് ? പോരുമ്പോ കൂടെ കൂട്ടിയ സ്വപ്നങ്ങളും മോഹങ്ങളും ഒന്നും ഇപ്പോ കൂടില്ല .ഗ്രാമത്തിലെ ചെറ്റക്കുടിലിൽ പട്ടിണിയായിരുന്നപ്പോഴും സന്തോഷം ഉണ്ടാർന്നു.മഴ പെയ്യുമ്പോ ചോരാത്ത ഒരു കൂരയ്ക്കും 2 നേരത്തെ ഭക്ഷണത്തിനും വേണ്ടി വണ്ടി കയറിയപ്പോ സമാധാനവും സന്തോഷവും മറന്നു വച്ചു .'അമ്മ പോയപ്പോ തന്നെ എല്ലാം നിർത്തി തിരിച്ചു പോകണമായിരുന്നു.ചെയ്തില്ല.

നാളെ മുത്തുലക്ഷ്മി വരും.അപ്പായും കാണും.ഇനി  10 ദിവസങ്ങൾ ഉണ്ട്.ചെയ്യാനുള്ളതെല്ലാം ചെയ്ത് തീർക്കാത്തവരുടെ ആത്മാക്കൾ ഭൂമിയിൽ ഗതികിട്ടാതലയും എന് കേട്ടിട്ടുണ്ട്.അങ്ങനെ ആണെങ്കിൽ മുത്തുലക്ഷ്മിക്ക് കാവല് നിക്കാൻ ഇവിടെ തന്നെ ഉണ്ടാകും. മരിക്കുന്നതിന് മുന്നേ ഒന്ന് സ്വസ്ഥമായി ഉറങ്ങണം എന്നുണ്ട്.ഈ സ്വപ്‌നങ്ങൾ ഇല്ലാതെ.ചളിയും ചോരയും പൊതിഞ്ഞ  അമ്മയുടെ മുഖം,ചോരയിൽ കുളിച്ചു കിടന്ന ആ  പെൺകുട്ടി.ഇപ്പൊ മുത്തുലക്ഷ്മിയും.

പണി കഴിഞ്ഞു തിരിച്ചു വരുമ്പൊ ഇരുട്ടിൽ  ഞരക്കം കേട്ടു.തിരിഞ്ഞു തിരിഞ്ഞു നടക്കാൻ മനസിന്റെ ഒരു ഭാഗം മന്ത്രിച്ചപ്പോ മറുഭാഗം കൊണ്ടവൻ അമ്മയെ ഓർത്തു.ആശുപത്രി കാണും മുന്നേ അവൾ കണ്ണടച്ചിരുന്നു.
പിന്നെ അന്വേഷങ്ങൾ ആയി ..വിസ്താരമായി..ഒരുപാടു അന്വേഷിക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാകാം അവനെ തന്നെ അവർ പ്രതിയാക്കി.
അപ്പയും മുത്തും ജീവിക്കണമെന്നേ അവനുണ്ടായിരുന്ന്നുള്ളു.നാടൊടുക്കമുള്ള മാധ്യമങ്ങൾ അവന്റെ മനുഷ്യത്വത്തിന് വിലയിട്ടു.അവനെ പോലുള്ള കുടിയേറ്റക്കാർക്കെല്ലാം അവന്റെ മുഖമാണെന് നാട്ടുകാർ ഏറ്റു പറഞ്ഞു.മരണ ശിക്ഷ വിധിച്ചപ്പോഴും അവനു ഭയമില്ലായിരുന്നു.താൻ ഒരു തെറ്റും ചെയ്തിട്ടിലാണ് അപ്പയും മുത്തുലക്ഷ്മിയും അവൻ വണങ്ങിയ ദൈവങ്ങളും വിശ്വസിക്കുന്നിടത്തോളം കാലം അവനു അതൊരു വിഷയമല്ലായിരുന്നു.

പക്ഷെ ഇപ്പൊ..

നാളെ മുത്തും അപ്പയും വരും.ചിലപ്പോ അവരുടെ അവസാനത്തെ കൂടിക്കാഴ്ച.ഇനി ഒരിക്കൽ വരുന്നത് തൂക്കിലേറിയ ദേഹത്തെ ഏറ്റു വാങ്ങാൻ ആകണം.

"അണ്ണാ..എപ്പടി ഇരുക്ക് "
ആ ചോദ്യത്തിന് ഒരു അർത്ഥവും ഇല്ലാണ് അവൾക്കും അറിയാം..വേറെന്ത് ചോദിക്കാൻ 
"നല്ലറുക്ക് ..നീങ്ക എപ്പടി ഇരുക്ക് "
"അപ്പയ്ക്ക് ഓടമ്പു ശരിയല്ലെ ..രാത്രിയെല്ലാം തൂങ്ങാമെ ഇരുപ്പേ ..ഏതുവുമേ ശാപ്പിട മാറ്റിക്കിറേൻ .."
"ഹമ്മ് .."

കുറച്ച നേരം അവർ ഒന്നും മിണ്ടിയില്ല.
ചുമ്മാ അവളെ നോക്കികൊണ്ടിരിക്കാൻ തോന്നി.ഒന്നും മിണ്ടാതെ.ഇനി ഉള്ള ദിവസങ്ങളിൽ ഓർത്തെടുക്കാൻ.
"tv  ലെ പാർത്തേൻ ..ഉങ്ങളെ പറ്റി താൻ സൊല്ലിയിട്ടുരുന്തേൻ ..ന്യായവിധി എന് സൊള്ളിയിട്ടിരിക്കിറർ .."
"ഹമ്മ് .."
"എനക്ക് തെരിയും ..അപ്പാക്കും തെരിയും .."
"അപ്പ എൻ എങ്ങിട്ടെ പെസമാറ്റികിരാർ "
"അപ്പ ഇപ്പടി താൻ ..എങ്കിട്ടെ കൂടെ ഏതുവുമേ സോളരാതില്ലൈ "

സെല്ലിന് സൈഡിലുള്ള ബെഞ്ചിൽ മുഖം കുനിച്ചു ഇരിക്കുകയാണ് അപ്പ.ഉള്ളിൽ ഒരായിരം തവണ തന്നെ താനെ പഴി പറയുന്നുണ്ടാകും.

"അപ്പാവുടെ സോള് ..ഇനി ഏങ്ങിട്ടെ പേസർത്ക്ക് ടൈം കിടക്കമാട്ടെ എൻ.."
മുത്തുലക്ഷ്മി മുഖം കുനിച്ചു കരഞ്ഞു.അവനും കരയുന്നയിരുന്നു.

"ഓൺ കൈലെ എന്നായിരുക്ക് ?"
"പ്രസാദം ..നാൻ കൊയ്‌ലിക്ക് പോയിട്ടൻ ...ഉങ്കൾക്കാഹാ പൂജ പന്നിട്ടൻ "
മുരുകൻ ഉറക്കെ ചിരിച്ചു 
"എതുക്ക് ..നല്ലപാടി അന്ത പക്കം സെററുത്തുക്ക ?"
"ഇപ്പടിയെല്ലാം സൊല്ലകൂടാത് .."
മുത്തിന്റെ കരച്ചിൽ  ഒറക്കെയായി.

മുരുകന്റെ കണ്ണുകളും നിറഞ്ഞു.
"ആഴാതെ ..ഇന്ത വച്ചുകൊ .."
തന്റെ പുസ്തകം അവളുടെ കൈൽ ഏല്പിച്ചിട് അവൻ പറഞ്ഞു .
ഉള്ളു നിറഞ്ഞു അവനു ശ്വാസം മുട്ടുന്ന 
പോലെ തോന്നി 
"പോ .."

"അപ്പാ വാ പോലാം .."

അപ്പ പതിയെ എണീറ്റ് അവളുടെ കൈത്തണ്ടയിൽ പിടിച്ചു നടന്നു.ഒന്ന് തിരിഞ്ഞു നോക്കിയെങ്കിൽ എൻ അവനോർത്തു.അപ്പ നോക്കിയില്ല.
അവന്റെ കണ്ണിൽ നോക്കിയാൽ അദ്ദേഹം തകർന്നു പോകും.പിടിച്ചു നിക്കണം.ആ മനസ്സിൽ നിന്ന് ഉയരുന്ന തേങ്ങൽ തന്റെ കാതുകളെ തകർക്കുന്നതിന് മുന്നേ അവൻ തിരിഞ്ഞു നടന്നു 

Saturday, 22 July 2017

കരയും കടലും

0 comments
കരയും കടലും

ഒരുമിക്കുവാൻ ഒരു ദിവസമില്ലെങ്കിലും കര ,
കടലിനെ പ്രണയിച്ചതെന്തിനാകാം?
കരയുന്ന കടലിനെ കാണാതെ കേൾക്കാതെ
തിരികെ നടക്കുന്നതെന്തിനാകാം ?
തളരുന്ന കടലിന്റെ കൈകളെ പിന്നെയും
തടയുവാൻ തുനിയുന്നതെന്തിനാകാം ?
തുടരേണം ഇവ്വിധം വ്യഥയെങ്കിലും ഇവർ
പതറാതെ പൊരുതുന്നതെന്തിനാകാം ..


Sunday, 16 July 2017

പേരില്ലാത്ത എഴുത്ത്‌

0 comments


സ്വപ്നങ്ങളുടെയും യാഥാർഥ്യങ്ങളുടെയും
ഇടയിൽ കുടുങ്ങിപ്പോകുന്നവരുണ്ട്
സ്വപ്നങ്ങളിലേക്ക് കുതിക്കാനാകാതെ
യാഥാർഥ്യങ്ങളിൽ തുടരാനാകാതെ
കാലചക്രത്തിൽ കുരുങ്ങിപ്പോകുന്നവർ
ജീവിക്കുകയാണെന്നറിയാതെ
ജീവിച്ചു തീർക്കുന്നവർ


ശബ്ദം

0 comments
ശബ്ദം

പഴയ പുസ്തകത്താളിലെ
സമരഗീതങ്ങൾ
നനഞ്ഞ തിരിയിലൊരു
തീ ഉണർത്താൻ ശ്രമിക്കുന്നു

മറന്നു തുടങ്ങിയിരിക്കുന്നു
ഞാൻ എന്നെ ,
എന്റെ ചോദ്യങ്ങളെ ,
അതിജീവനങ്ങളെ ,
അതിനുള്ള പോരാട്ടങ്ങളെ
ചോദ്യങ്ങളില്ലാത്ത ലോകത്ത്‌
നഷ്ടമാകുന്നൊരെന്റെ ശബ്ദം
ഇന്നീ ഗാനത്തിനൊരപശ്രുതി മാത്രമാകാം


Saturday, 1 July 2017

നന്ദി

1 comments
നന്ദി

നന്ദിയുണ്ട് ..
എഴുതാൻ പറയുന്ന മനസ്സിനോട്
വായിക്കാൻ മടിക്കുന്ന മനുഷ്യരോട്
ഒറ്റക്കെന്ന് ഓർമിപ്പിക്കുന്ന
ഏകാന്തതയോട് ..
കൂട്ടിരിക്കുന്ന ദുഃഖങ്ങളോട്
ചോദിക്കാത്ത ചോദ്യങ്ങളോട്
പറയാത്ത മറുപടിയോട്
ഉണങ്ങാത്ത മുറിവുകളോട്
ഉറങ്ങാത്ത ചിന്തകളോട്
എഴുതാത്ത വാക്കുകളോട്
എഴുതിയ വികാരങ്ങളോട്
ഇതിനൊക്കെ മുകളിൽ
ചിരിക്കാൻ ശ്രമിക്കുന്ന മുഖത്തിനോട്



ദുഃഖം

0 comments
ദുഃഖം

സുഹൃത്തുക്കൾ പറയുന്നു
"നീ ആകെ മാറിയിരിക്കുന്നു
കറുത്തും വെളുത്തും
മെലിഞ്ഞും തടിച്ചും
നീ ആരോ ആയിരിക്കുന്നു "

മനസ്സിൻ ഇരുളിലെൻ
ദുഃഖം ചിരിക്കുന്നു
"നീ ഒന്നും മാറിയിട്ടില്ല
നിനക്കിന്നും കൂട്ട്  ഞാൻ തന്നേയല്ലോ .."

Thursday, 29 June 2017

എന്നെ തിരയുന്ന ഞാൻ

1 comments
എന്നെ തിരയുന്ന ഞാൻ

ഇന്നെന്റെ കണ്ണാടിയിൽ എന്റെ മുഖമില്ല ,
ഇന്നെന്റെ  പേന എന്നെ കുറിച്ച് എഴുതുന്നില്ല ,
ഇന്നെന്റെ പ്രണയം എന്നെ അറിയുന്നില്ല
എന്നെ കാണാതായിരിക്കുന്നു

ഒടുവിൽ പഴയ പുസ്തകത്താളിലെ
രണ്ടു വരി കവിതയിൽ ഞാൻ എന്നെ കണ്ടെത്തിയിരിക്കുന്നു
ചിതലരിച്ച താളുകളിലേ അക്ഷരങ്ങൾ
എന്നെ നോക്കി ചിരിക്കുന്ന പോലെ
"എന്നെ മറന്നു നീ താണ്ടിയ ദൂരമെല്ലാം
എന്നിലേക്കുള്ളതായിരുന്നല്ലോ .."

Sunday, 18 June 2017

നിഴൽ

0 comments
നിഴൽ

ഇന്നലെ വരേ നീ എന്റെ നിഴലായിരുന്നു
ഇന്ന് ഞാൻ ഇരുട്ടിലാണ്
ഇവിടെ ഞാൻ നിന്നെ വിളിക്കുമ്പോൾ
നിനക്കത് കേൾക്കാനാകുന്നുണ്ടോ 

ഭ്രാന്ത്

0 comments
ഭ്രാന്ത്

"നിനക്ക് ഭ്രാന്താണ് "
തനിയെ ചിരിക്കുമ്പോഴും
തന്നെ താൻ സംസാരിക്കുമ്പോഴും
ചുമ്മാ കരയുമ്പോഴും
ഭ്രാന്തമായി ചിന്തിക്കുമ്പോഴും
എന്റെ സ്വാതന്ത്ര്യത്തെ
നിങ്ങൾ ഭ്രാന്തെന്ന് വിളിച്ചു

തുറന്നു ചിരിക്കാനാകാത്ത
ഉറക്കെ കരയാനാകാത്ത
നിറയെ ചിന്തിക്കാനാകാത്ത
ഇരുട്ടു മുറിയിൽ നിങ്ങൾ എന്നെ ബന്ധിച്ചു

എന്നെ തളച്ചിട്ട മുറിയുടെ താക്കോൽ
നിന്റെ കൈയിൽ ആണ് ..
തുറക്കാൻ മടിച്ചു നീ മാറി നിൽക്കുന്നു
ഉള്ളിൽ ഞാൻ നിന്റെ വരവോർത്തിരിക്കുന്നു
എന്റെ ഭ്രാന്തമായ ലോകത്തിലേക്ക് ..
എന്റെ സ്വാതന്ത്ര്യത്തിലേക്ക് ..

Thursday, 15 June 2017

പ്രണയം

0 comments
പ്രണയം

പ്രണയിക്കുകയായിരുന്നു നാം
പ്രണയമാണെന്ന് അറിയുന്ന വരേ ,
പിന്നെ പഠിപ്പിക്കലായി
നിന്നെ ഞാനും എന്നെ നീയും
പ്രണയിക്കുകയാണെന്ന്  സ്വയം പറഞ്ഞു പഠിപ്പിക്കൽ
നിന്നെ ആണ് ഞാൻ അന്വേഷിച്ചത്
കണ്ടെത്തുന്ന വരേ
പിന്നെ തിരിച്ചറിവായി
നിന്റെ ശൂന്യമായ കണ്ണുകളിൽ
എന്നെ കാണാതായെന്ന തിരിച്ചറിവ് 

മൗനം

0 comments
മൗനം

വാക്കുകളേക്കാൾ വേദനിപ്പിച്ചത്
നിന്റെ മൗനം ആണ്
നീ പറയാൻ മടിച്ച ഒരുപാടു വാക്കുകളിൽ
ഞാൻ തിരഞ്ഞ ഒരുപിടി കാര്യങ്ങൾ ഉറങ്ങിക്കിടന്നിരുന്നു 

Friday, 9 June 2017

മോക്ഷം

0 comments
മോക്ഷം

ആരോ എന്നെ വിളിക്കുന്നു
"ആരാണ് ..?"
"ഞാൻ ..നീ എഴുതി മുഴുവിക്കാത്ത കവിതയുടെ ആത്മാവ് "
"എന്ത് വേണം ..?"
"മോക്ഷം ..നിന്റെ ഭാവനയിലാണ് ഞാൻ ജനിച്ചത് ..നിന്റെ ചിന്തകളിൽ അഗ്നിക്കും കൈകളുടെ കരുത്തിനും ഞാൻ ഒരുപാടു കാത്തിരുന്നു ..
ഒടുവിൽ നിന്റെ പേനയിലെ മഷിത്തുള്ളികൾ എന്റെ ജീവരക്തമാകുമ്പോൾ ഞാൻ ജീവിച്ചു ..പ്രണയവും വിരഹവും തുന്നി ചേർത്ത ഒരു ജീവിതം വച്ച് നീട്ടി എന്നെ മോഹിപ്പിച്ചു ..പിന്നെ എന്തിനാണ് എന്നെ നീ കൊന്നുകളഞ്ഞത് ?"

"ഞാനോ?"

"നീ ..നിന്റെ പേനയിലെ മഷിയുണങ്ങിയപ്പോഴല്ല  ..നിന്റെ ചിന്തകളിലെ അഗ്നി അണഞ്ഞപ്പോൾ ഞാൻ മരിച്ചു ..നിന്റെ  മനസിലുരുന്നു ഞാൻ ഒരുപാടു വിളിച്ചു ..പക്ഷെ എന്റെ വിളികൾ എല്ലാം നീ തടുത്തു ..എന്നെ മറക്കാൻ നിനക്കു കഴിയുമായിരുന്നോ ?.."

ഞാൻ ഒരക്ഷരത്തിനായ് കൊതിച്ചു ..ഒരു വരി അവളെക്കുറിച് എഴുതാൻ വെമ്പൽ കൊണ്ടു ..

"നിന്നെ ഞാൻ മറന്നുപോയല്ലോ .."

അവളെ കാണാതായിരിക്കുന്നു ..ഇനി ഒരിക്കലും കാണാനാകാത്ത അകലങ്ങളിലേക്ക് അവൾ മാഞ്ഞുപോയിരിക്കുന്നു 

Sunday, 4 June 2017

കവിത

0 comments
കവിത

എഴുതി മുഴുവിക്കാത്ത ആയിരം കാര്യങ്ങളിൽ
ഞാൻ എന്നെ ഒളിച്ചു വച്ചു
നിനക്ക്‌ കണ്ടെടുക്കാൻ
എഴുതി തീർത്ത ആയിരം വരികളിൽ
ഞാൻ എന്നെ പ്രതിഫലിപ്പിച്ചു
നീ വായിച്ചെടുക്കാൻ
"നിന്റെ കവിത മനസിലാകുന്നില്ല "
എന്നെ മനസിലാകാത്തവർ എന്റെ കവിതയെ എങ്ങനെ അറിയാനാണ്
കവിത ഞാനാണല്ലോ